Monday, 18 March 2013

സെല്ലുലോയിഡ്
എന്തെഴുതണമെന്നോ എങ്ങനെ എഴുതി തുടങ്ങണമെന്നോ അറിയില്ല..പക്ഷേ എന്തെങ്കിലും എഴുതിയില്ലെങ്കില്‍ ഞാന്‍ കണ്ട, ഞാന്‍ അറിഞ്ഞ പഴമയുടെ ഗന്ധമുള്ള,ഒരുപിടി സത്യങ്ങളെ, താരപരിവേഷമില്ലാത്തകുറച്ച് ജീവിതങ്ങളെ അറിഞ്ഞിട്ടും അറിയാതെ പോകുന്നതിന് തുല്യമാകും.ഇന്ന് കാണുന്ന നക്ഷത്രത്തിളക്കങ്ങള്‍ക്കുംസൂപ്പര്‍ മെഗാ പദവികള്‍ക്കും പിന്നില്‍ ഇങ്ങനെ കുറെ മനസ്സുകളുടെ നഷ്ട്ടപ്പെടലുകള്‍ ഉണ്ടെന്ന അറിവ് അത്രത്തോളം നോവുള്ളതായിരുന്നു.സ്ക്രീനിലെ എഴുത്തുകള്‍ക്ക് പോലും അതിലെ കഥാ പാത്രങ്ങളുടെ മനസ്സാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു തൂടക്കം .ആദ്യത്തെ ഷോട്ടില്‍ തന്നെ കാണികളെ ആ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നതില്‍ സംവിധായകനും കഥാപാത്രവും വിജയിച്ചു. സെല്ലുലോയിഡിലെ ചിത്രങ്ങള്‍ക്ക് ജീവന്‍ വച്ച് തുടങ്ങുമോഴേക്കും സാഹചര്യങ്ങളനുസരിച്ച് സ്വയം ഓരോ കഥാപാത്രങ്ങളാകുന്ന പ്രതീതിയായിരുന്നു.“വിഗതകുമാരന്‍ അഥവാ ദ ലോസ്റ്റ് ചൈല്‍ഡ് “എന്നചിത്രം സിനിമയെ സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നസാക്ഷാത്കാരമാണ്....... .മേലാളന്മാരുടേയും ജാതിക്കോമരങ്ങളുടേയും ആധിപത്യം ഒരു കലാസൃഷ്ട്ടിയെ എങ്ങനെ വിസ്മൃതിയിലാഴ്ത്തുന്നു എന്നതിന്റെ കാഴ്ച്ക്സ്കൂടിയാണ് ഈ ചിത്രം. തകര്‍ന്ന സ്വപ്നങ്ങളെ വാരിക്കൂട്ടി നാട് വിടുന്ന നായകന്‍ ചരിത്രത്തിലെ അറിയപ്പെടാതെ പോയ മലയാള സിനിമയുടെ പിതാമഹനാണെന്നും ഒരു വട്ടം പോലും സ്വന്തം മുഖം സ്ക്രീനില്‍ കാണാന്‍ ഭാഗ്യം ലഭിക്കാതെ പോയ ഒരു നായിക നമുക്കുണ്ടായിരുന്നെന്നും ഒരുപാട് വിങ്ങലുകള്‍ കടിച്ചമര്‍ത്തിയാണ് കണ്ടിരുന്നത്.വളരെ ഹൃദയസ്പര്‍ശിയായ പലരംഗങ്ങള്‍ക്കുമൊടുവില്‍ ചരിത്രത്തിന്റെ ഏടുകളില്‍ ജെ സി ഡാനിയേല്‍ എന്ന നാമം കോറിയിടാന്‍ രംഗപ്രവേശനം ചെയ്യുന്ന ചേലക്കാടനിലൂടെ ശ്രീനിവാസന്‍ സെല്ലുലോയിഡിനുള്ളില്‍ തകര്‍ന്നിരുന്ന , മറഞ്ഞിരുന്ന കഥാ പാത്രങ്ങളെ പുറത്തേക്ക് കൊണ്ട് വരികയാണ് രണ്ടാം പകുതിയിലൂടെ.


ഒരാറുവയസ്സുകാരന്റെ കുസൃതിയില്‍ നഷ്ട്ടമാകുന്ന ഒരു ചരിത്രം ,പച്ചയായ കുറച്ച് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ കമല്‍ എന്ന സവിധായകന്‍ പൂര്‍ണ്ണമായി വിജയിച്ചു.ഒട്ടും ജാഡയില്ലാതെ,റാപ്പും റേപ്പുമൊന്നുമില്ലാതെ പൂര്‍ണ്ണത കൈവരിച്ച ഒരു ചിത്രം .വലുതെന്നോ ചെറുതെന്നോ ഇല്ലാതെ.ഓരോരുത്തരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി .തെക്കന്‍ തിരുവിതാംകൂറിലെ ഭാഷയെ കോമഡിയിലേക്ക് വലിച്ചിഴക്കാതെയും പോയകാലത്തെ ദൃശ്യങ്ങളേയും വേഷങ്ങളേയും തനതായി ആവിഷ്ക്കരിച്ചും ഗ്രാമീണഭംഗിതുളുമ്പുന്ന രണ്ട് സുന്ദരഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുംചിത്രം കടന്ന് പോകുമ്പോള്‍ ഓരോ കഥാപാത്രങ്ങള്‍ക്കും മനസ്സില്‍ ജീവന്‍ കൊടുത്തു കൊണ്ടാണ് ഞാനും അവിടം വിട്ടത്. കാലവും ജീവിത സാഹചര്യങ്ങളും എത്രയൊക്കെ മാറിയാലും ആ പഴമ മനസ്സിലെവിടേയോ മായാതെ കിടപ്പുണ്ടെന്ന് ഒരു കാ‍റ്റുവന്ന് തഴുകി പറയുന്നത് പോലെ .


Saturday, 16 March 2013

വാക്ക്പെയ്തൊഴിഞ്ഞ
ആകാശം പോലെ 
ശ്യൂന്യമായ മനസ്സില്‍
ഇടയ്ക്കടര്‍ന്നു വീഴുന്ന
മഴതുള്ളികള്‍പോലെ ,
ചിലപ്പൊ ഇടിനാദം പോലെയും
വാക്കുകള്‍.


ചെവിതുളച്ച് ശരം പോലെ ചിലത് 
അവഗണന നിറഞ്ഞ
നോട്ടം പേറിയ ചിലത്.
ആജ്ഞകള്‍ ,ആവശ്യങ്ങള്‍ ,ആഗ്രഹങ്ങള്‍
എല്ലാറ്റിനും അക്ഷരങ്ങള്‍-
ചേര്‍ത്ത് വെച്ച വാക്കുകള്‍ .


മഷിയുണങ്ങി നിറമങ്ങിയവയ്ക്
കാലാന്തരങ്ങളുടെ പഴക്കം.തഴക്കം വന്ന വാക്കുകളാണവ.
ചിലനാളില്‍ പുച്ഛത്തോടെ
തള്ളിക്കളഞ്ഞവയ്ക്കിന്ന്
പത്തരമാറ്റ് തിളക്കം.


കമാന്റോകള്‍ പോലെ ചിലതുണ്ട്
തിരുവായ്ക്കെതിര്‍വായില്ലാത്തവ
കമാന്നൊരക്ഷരം ഉരിയാടാതെ
അനുസരിച്ച് പോകുന്നവ.


വിഷംപുരണ്ട ചിലതിന്
കാര്‍ക്കോടകന്റെ ശക്തിയാണ്.
തേയ്ച്ചാലും മായ്ച്ചാലും
പോകാത്തത്.
കുലംവരെ മുടിക്കാന്‍
കെല്‍പ്പുള്ളത്.
ജീവനെടുക്കാനും
ജന്മമൊടുക്കാനും
ഒരുവാക്കുമതി.
അര്‍ത്ഥമില്ലാത്ത,
പൊള്ളയായൊരു വാക്ക്.


അര്‍ത്ഥം മനസ്സിലാക്കും മുന്‍പ്
കൈവിട്ട് പോയ
വാക്കുകള്‍ക്ക് പിന്നാലെ,
പറഞ്ഞാലും കേട്ടാലുംതീരാത്ത
വാക്കുകളുടെ പൊരുളുതേടി
ഒടുങ്ങാത്ത യാത്ര.