Tuesday 17 September 2013

സായന്തനത്തിന്റെ മടക്കം

ഒരുതിരിച്ചുവരവിന്റെ 
പ്രതീക്ഷയില്‍,
ഉതിര്‍ന്നുവീണ
പവനിഴകള്‍
തെറുത്തെടുത്ത് മടങ്ങുന്ന
പോക്കുവെയില്‍.

നരച്ച വെയിലിന്റെമറമാറ്റി
ചുവ ക്കുന്ന ചക്രവാളമപ്പോള്‍
ഒരു ശവമടക്കിന്
വട്ടംകൂട്ടുന്നു.

എരിഞ്ഞടങ്ങിയ
കനലുകള്‍ആഴിയില്‍
നിമജ്ജനം ചെയ്ത്
ഒരുപുനര്‍ജ്ജനി
തേടിസൂര്യന്‍ മടങ്ങി.

തീരത്തെതല്ലിത്തകര്‍ത്ത്
ആര്‍ത്തലയ്ക്കുന്ന
തിരമാലകളെ നിലാവിന്റെ
കമ്പളം പുതപ്പിച്ച്
സാന്ത്വനിപ്പിക്കുന്ന
രാവിനും ഒരുമടക്കമുണ്ടത്രേ.
ഒരുപകലിന്റേയുംഇരവിന്റേയും
ദൈര്‍ഘ്യമുള്ള മടക്കങ്ങള്‍.

Wednesday 21 August 2013

വരകള്‍

ജീവിത
സൌഭാഗ്യങ്ങള്‍ പോലെ
എത്ര വലിച്ചുനീട്ടിയിട്ടും
ചുരുണ്ട് പിണഞ്ഞ്
കിടകുകയാണ് വരകള്‍.
മഷിതീര്‍ന്ന പേനകൊണ്ട്
കുത്തിക്കുറിച്ചപോലെ
വ്യക്തവും അവ്യക്തവുമായ
ജന്മനിയോഗങ്ങള്‍.
മംഗല്യഭാഗ്യവും
ഗജകേസരീയോഗവും
ആയുരാരോഗ്യവുമൊക്കെ
ഹസ്തരേഖകളില്‍
തെളിയുമ്പോള്‍
അടഞ്ഞുപോകുന്ന
യാത്രാവഴികള്‍ മാത്രം
മുഴച്ചുനില്‍ക്കുന്നു.
മാറാലക്കുള്ളില്‍കുടുങ്ങിയ
പ്രാണികളെപ്പോലെ
കൈവെള്ളകള്‍ക്കുള്ളില്‍
വീര്‍പ്പുമുട്ടുകയാണ്ഭാവി.
ഭൂതവും വര്‍ത്തമാനവും
മാത്രം ഇടയ്ക്കിടയ്ക്ക്
പുറത്തു ചാടുന്നുണ്ട്.
‘വര’വു വെക്കാന്‍.

Sunday 16 June 2013

നീതി(അ)ന്യായം



കണ്ണുകെട്ടിയ ദേവതയുടെ
കടാക്ഷം കാത്ത്
നീതിയുടെ തുലാസില്‍
തൂങ്ങുന്ന ജീവിതങ്ങള്‍.

കാഴ്ച്ചയുടെ ആഴങ്ങളെ
നേരിടാനാവാതെ
കണ്ണടയ്ക്കപ്പെടുന്ന സത്യങ്ങള്‍.

കൂറുമാറ്റപ്രക്രിയയില്‍
കൂറുകാണിക്കുന്ന സാക്ഷികള്‍.

നിയമപുസ്തകത്തിന്റെ
ചട്ടക്കൂടിനുള്ളില്‍
ചിതലരിക്കപ്പെടുന്ന നിയമവ്യവസ്ഥകള്‍.

അഴിമതിയുടെയും അട്ടിമറിയുടേയും
അതിപ്രസരത്തില്‍ കുടുങ്ങി
ചക്രശ്വാസം വലിക്കുന്ന നീതിന്യയം.

ആയിരം അപരാധികളുടെ
രക്ഷപ്പെടലില്‍
ശിക്ഷിക്കപ്പെടുന്ന നിരപരാധികള്‍.

വലിപ്പച്ചെറുപ്പമില്ലാത്ത
നീതിനിര്‍വ്വഹണത്തിനായി
കണ്ണടച്ച ദേവതക്കിപ്പോള്‍
ഇരുട്ട് മാത്രം ബാക്കി.

Wednesday 29 May 2013

ഹൈക്കുകവിതകള്‍

വൃക്ഷങ്ങളെ
വസ്ത്രാക്ഷേപം നടത്തുന്നു
ശരത്ക്കാലം.

വേനലിന്റെ
പ്രണയത്തില്‍ചുവന്നുതുടുക്കുന്നു
ഈന്തപ്പനക്കുലകള്‍

വന്ധ്യത
ബാധിച്ച മേഘക്കൂട്ടങ്ങള്‍,
തപിക്കുന്നഭൂമി.

ഉതിര്‍ന്നുവീണ
പവന്‍കമ്പികള്‍ തെറുത്തെടുത്ത്
മടക്കം,പോക്കുവെയില്‍.


നീണ്ടകാലത്തെ
തപസ്സിനുശേഷവും വേരുമുളച്ചില്ലെന്നൊരു
വഴിക്കല്ല്.

നിറവയറു-
മായൊരു മഴമേഘം
ഗര്‍ഭാലസ്യത്തില്‍.

Tuesday 21 May 2013

അറിയാതെപോകുന്നത്



ഉള്ളിലൊളിപ്പിച്ച ലാവയോടെ
നിശ്ശബ്ദം നില്‍ക്കുന്ന
പര്‍വ്വതങ്ങള്‍ പോലെ
ഉരുകിയുരുകി
ഒരുരുള്‍പൊട്ടലിന്
കൊതിക്കുകയാണ് മനസ്സ്.

ഒന്നാര്‍ത്തലച്ച് പെയ്തിട്ട് വേണം
വീണ്ടുമൊരു മഴക്കാലത്തെ
പേറാനെന്ന് കരുതുന്ന
മേഘശകലങ്ങളെ ഓര്‍മ്മിപ്പിച്ച്
യാഥാര്‍ത്യങ്ങളുമായി
സമരസപ്പെട്ടൊരു

മൌനയാത്രയിലാണിന്നത്.

ഒടുവില്‍ ഗതകാലസ്മരണകളെ
ചിതയിലെറിഞ്ഞ്
മറവിയിലേക്കാഴ്ന്ന
അള്‍ഷിമേഴ്സ് രോഗിയെപ്പോലെ
പിന്നിപ്പറിഞ്ഞതാളുകളില്‍
ഒരു വരിപോലും ബാക്കിവെക്കാ-
തൊരു പര്യവസാനത്തിലേക്ക് .

Thursday 16 May 2013

മാതൃത്വത്തിന്റെ ശേഷിപ്പുകള്‍

ചുരന്ന മാതൃത്വം
തേടിപ്പിടിക്കുന്ന 
ഇളംചുണ്ടുകള്‍ക്ക് 
നിമിഷങ്ങളുടെ ദൈര്‍ഘ്യം.
അമ്മയ്ക്കും 
കുഞ്ഞിനുമിടയിലെ 
ആത്മബന്ധത്തിന്റെ
അടിത്തറയില്‍
ഊറുന്നത്
അമ്മിഞ്ഞയെന്ന
അമൃത്.
വറ്റിയ സ്തന്യവും
ശോഷിച്ച സ്തനവും
ബാക്കിയാക്കുന്നത്
ഒരിക്കലും വറ്റാത്ത
മഹനീയ 
സ്നേഹത്തിനുറവ.
ആസക്തിയുടെ
കൂര്‍ത്തമുനകള്‍
ആഴ്ന്നിറങ്ങുന്നത്
ഈ നെഞ്ചകത്താണോ.
അമ്മയുടെ അനുഭൂതികള്‍
വിറ്റ് കാശാക്കുന്ന 
കലിയുഗമേ
ഏത് കണ്ണുകള്‍ കൊണ്ടാണ്
നീ ഈ മാതൃത്വത്തെ 
നോക്കിക്കാണുന്നത്.



Wednesday 1 May 2013

പാഴ്കിനാവുകള്‍

കാലം
കുഴിതോണ്ടുന്നു
കയ്യൂക്കിന്റെ
രക്തലിപികൾ
വായിക്കുവാൻ .

നിത്യാന്ധകാരത്തിന്റെ
ശവപ്പറമ്പില്‍
അടിച്ചമര്‍ത്തപ്പെട്ടവരുടെ
ആത്മരോദനങ്ങള്‍
മണ്ണിന്റെ
മാറുപിളര്‍ക്കുന്നു
അവശേഷിക്കുന്നവര്‍ക്കൊരു
മുന്നറിയിപ്പ് പോലെ.

ചെറുത്തു നില്‍ക്കുന്നവര്‍
എണ്ണത്തില്‍ കുറയുന്നു.
വില പറഞ്ഞ ശരീരങ്ങളിൽ
കൃപാണരേഖകളിൽ
വികലകവിതകളെഴുതാൻ
കൊട്ടേഷന്‍ ടീമുകള്‍
മുന്നിട്ടിറങ്ങുമ്പോള്‍.

അതിജീവനത്തിന്റെ
ശേഷിപ്പുകള്‍ അന്യമാകുന്നു
ഭൂമിയുടെ ഭ്രമണ പഥത്തില്‍
അധികാരമോഹികള്‍
കൊടിനാട്ടുമ്പോള്‍.

ഒരു ദേവദൂതന്റെ
പാദമുദ്രയ്ക്കായി
സൃഷ്ട്ടി സ്ഥിതി
പരിപാലനത്തിനായി
ഒരുയിര്‍ത്തഴുനേല്‍പ്പിന്റെ
കാത്തിരുപ്പുമായി
ഒരു ജനത.

Monday 22 April 2013

നഷ്ട്ടങ്ങളും നേട്ടങ്ങളും

.തുടക്കത്തിനും
ഒടുക്കത്തിനുമിടയിലെ
നഷ്ട്ടപ്പെടലുകളല്ലേ
ജീവിതം?

എല്ലാനേടലിലുമുണ്ട്
ഒരു നഷ്ടത്തിന്റെ നോവ്.

സ്വന്തമെന്ന്
ചുറ്റിപ്പിടിക്കുന്നതിലും
വേണമെന്ന്
ആഗ്രഹിക്കുന്നതിലും
അകലങ്ങളിലിരുന്ന്
സ്വപ്നം കാണുന്നതിലുമെല്ലാം
ഒരൂര്‍ന്ന് വീഴലിന്റെ പിടച്ചില്‍.

ഒരു മനുഷ്യായുസ്സില്‍
അഴിച്ചുമാറ്റുന്ന
ഉടുപ്പുകള്‍ പോലെ
ബാല്യവും യൌവ്വനവും
വാര്‍ദ്ധക്യവും.

പിറന്നുവീണ്
കര്‍മ്മോത്സുകനായി നടന്ന്
ഒടുവില്‍ തളര്‍ന്ന്
ചോരതുപ്പി
ഇരുട്ടെന്ന മരണത്തിലേക്ക്
വീഴുന്ന പകല്‍.

ഓരോ ഇന്നലെകളും
ഇന്നിന്റെ നഷ്ടം,
ഓരോ നഷ്ട്ടങ്ങളും
ഓരോ പാഠങ്ങൾ
ഒടുവില്‍ മറ്റുള്ളവര്‍ക്ക്
പാഠങ്ങള്‍ നല്‍കികൊണ്ട്
സ്വയമൊരു
നഷ്ട്ടപ്പെടലും.

Sunday 7 April 2013

ദൂരങ്ങള്‍ക്കുപിന്നാലെ



നാലുചുവരുകള്‍ക്കുള്ളില്‍
നിരവധിജന്മങ്ങളുടെ
അകല്‍ച്ചപേറുകയാണവര്‍.
ഒരുവിളിപ്പാടകലത്തിലെ 
നോവിന്റെ വേവ്കാണാതെ
ഹൃദയവിശാലത വാക്കുകളില്‍ മാത്രം
പകര്‍ത്തുന്നവര്‍.

കെട്ടിയടയ്ക്കപ്പെട്ട
അകംചുമരുകള്‍ക്കുള്ളില്‍
ലോകജാലകങ്ങള്‍ തുറക്കുകയാണവര്‍.
കാലവേഗങ്ങളുടെ
വ്യാപ്തികുറയുമ്പോഴും
ബന്ധങ്ങളില്‍ അകലങ്ങളുടെ
അതിര്‍ത്തിതീര്‍ക്കുന്നവര്‍.

ചതിക്കയങ്ങള്‍ തീര്‍ത്ത്
വാക്കുകളില്‍ മധുരം പുരട്ടി
ഇരതേടുകയാണവര്‍.
വീഴ്ച്കയുടെ ആഘാതമറിയാതെ
ഈയലുകളെ പോലെ
വെളിച്ചത്തിനു ചുറ്റും നിഷ്പ്രഭരാവുന്നവര്‍.

സാന്ത്വനം വിരല്‍തുമ്പിലൊതുക്കി
വലയുടെ വിശാലതകളില്‍
വിഹരിക്കുകയാണവര്‍.
കയ്യെത്തും ദൂരങ്ങളെ
കാണാതെ
മനസ്സെത്തും ദൂരങ്ങളെ
അറിയാതെ
ദൂരങ്ങള്‍ക്കു പിന്നാലെ
പായുന്നവര്‍.













Tuesday 2 April 2013

തലേവര




തീന്‍ മേശയിലെ 
വിഭവസമൃദ്ധിയില്‍ 
കൂപ്പുകുത്തുന്ന 
ആഡംബരങ്ങള്‍ക്ക് 
വിശപ്പേയില്ല. 

വാ കീറിയവന്റെ നീതിയില്‍ 
വയറുനിറയ്ക്കാന്‍, 
വിതച്ചിട്ടും കൊയ്യാനാവാതെ 
പകച്ചുനില്‍ക്കുന്ന 
ഭഗ്നമോഹങ്ങളുടെ 
കളപ്പുരകള്‍ നിറയുന്നേയില്ല. 
ചിതലരിച്ച സ്വപ്നങ്ങളുടെ 
തുളവീണ 
ഭിക്ഷാപാത്രങ്ങളില്‍ 
മുഖംപൂഴ്ത്തുന്ന 
ഒരുചാണ്‍ വയറിന് 
പ്രതീക്ഷയുടേ നാളുകളേയില്ല. 

തൊട്ടും രുചിച്ചും 
ഉച്ഛിഷ്ടമാക്കിയ 
തീന്മേശസംസ്കാരത്തിന്റെ 
എച്ചിലിലകള്‍ക്കായി
വാലാട്ടിനില്‍ക്കുന്ന 
തെരുവിന്റെ മക്കളുടെ 
തലേവര മാറുന്നേയില്ല. 







Monday 18 March 2013

സെല്ലുലോയിഡ്








എന്തെഴുതണമെന്നോ എങ്ങനെ എഴുതി തുടങ്ങണമെന്നോ അറിയില്ല..പക്ഷേ എന്തെങ്കിലും എഴുതിയില്ലെങ്കില്‍ ഞാന്‍ കണ്ട, ഞാന്‍ അറിഞ്ഞ പഴമയുടെ ഗന്ധമുള്ള,ഒരുപിടി സത്യങ്ങളെ, താരപരിവേഷമില്ലാത്തകുറച്ച് ജീവിതങ്ങളെ അറിഞ്ഞിട്ടും അറിയാതെ പോകുന്നതിന് തുല്യമാകും.ഇന്ന് കാണുന്ന നക്ഷത്രത്തിളക്കങ്ങള്‍ക്കുംസൂപ്പര്‍ മെഗാ പദവികള്‍ക്കും പിന്നില്‍ ഇങ്ങനെ കുറെ മനസ്സുകളുടെ നഷ്ട്ടപ്പെടലുകള്‍ ഉണ്ടെന്ന അറിവ് അത്രത്തോളം നോവുള്ളതായിരുന്നു.സ്ക്രീനിലെ എഴുത്തുകള്‍ക്ക് പോലും അതിലെ കഥാ പാത്രങ്ങളുടെ മനസ്സാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു തൂടക്കം .ആദ്യത്തെ ഷോട്ടില്‍ തന്നെ കാണികളെ ആ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നതില്‍ സംവിധായകനും കഥാപാത്രവും വിജയിച്ചു. സെല്ലുലോയിഡിലെ ചിത്രങ്ങള്‍ക്ക് ജീവന്‍ വച്ച് തുടങ്ങുമോഴേക്കും സാഹചര്യങ്ങളനുസരിച്ച് സ്വയം ഓരോ കഥാപാത്രങ്ങളാകുന്ന പ്രതീതിയായിരുന്നു.



“വിഗതകുമാരന്‍ അഥവാ ദ ലോസ്റ്റ് ചൈല്‍ഡ് “എന്നചിത്രം സിനിമയെ സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നസാക്ഷാത്കാരമാണ്....... .മേലാളന്മാരുടേയും ജാതിക്കോമരങ്ങളുടേയും ആധിപത്യം ഒരു കലാസൃഷ്ട്ടിയെ എങ്ങനെ വിസ്മൃതിയിലാഴ്ത്തുന്നു എന്നതിന്റെ കാഴ്ച്ക്സ്കൂടിയാണ് ഈ ചിത്രം. തകര്‍ന്ന സ്വപ്നങ്ങളെ വാരിക്കൂട്ടി നാട് വിടുന്ന നായകന്‍ ചരിത്രത്തിലെ അറിയപ്പെടാതെ പോയ മലയാള സിനിമയുടെ പിതാമഹനാണെന്നും ഒരു വട്ടം പോലും സ്വന്തം മുഖം സ്ക്രീനില്‍ കാണാന്‍ ഭാഗ്യം ലഭിക്കാതെ പോയ ഒരു നായിക നമുക്കുണ്ടായിരുന്നെന്നും ഒരുപാട് വിങ്ങലുകള്‍ കടിച്ചമര്‍ത്തിയാണ് കണ്ടിരുന്നത്.വളരെ ഹൃദയസ്പര്‍ശിയായ പലരംഗങ്ങള്‍ക്കുമൊടുവില്‍ ചരിത്രത്തിന്റെ ഏടുകളില്‍ ജെ സി ഡാനിയേല്‍ എന്ന നാമം കോറിയിടാന്‍ രംഗപ്രവേശനം ചെയ്യുന്ന ചേലക്കാടനിലൂടെ ശ്രീനിവാസന്‍ സെല്ലുലോയിഡിനുള്ളില്‍ തകര്‍ന്നിരുന്ന , മറഞ്ഞിരുന്ന കഥാ പാത്രങ്ങളെ പുറത്തേക്ക് കൊണ്ട് വരികയാണ് രണ്ടാം പകുതിയിലൂടെ.


ഒരാറുവയസ്സുകാരന്റെ കുസൃതിയില്‍ നഷ്ട്ടമാകുന്ന ഒരു ചരിത്രം ,പച്ചയായ കുറച്ച് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ കമല്‍ എന്ന സവിധായകന്‍ പൂര്‍ണ്ണമായി വിജയിച്ചു.ഒട്ടും ജാഡയില്ലാതെ,റാപ്പും റേപ്പുമൊന്നുമില്ലാതെ പൂര്‍ണ്ണത കൈവരിച്ച ഒരു ചിത്രം .വലുതെന്നോ ചെറുതെന്നോ ഇല്ലാതെ.ഓരോരുത്തരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി .തെക്കന്‍ തിരുവിതാംകൂറിലെ ഭാഷയെ കോമഡിയിലേക്ക് വലിച്ചിഴക്കാതെയും പോയകാലത്തെ ദൃശ്യങ്ങളേയും വേഷങ്ങളേയും തനതായി ആവിഷ്ക്കരിച്ചും ഗ്രാമീണഭംഗിതുളുമ്പുന്ന രണ്ട് സുന്ദരഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുംചിത്രം കടന്ന് പോകുമ്പോള്‍ ഓരോ കഥാപാത്രങ്ങള്‍ക്കും മനസ്സില്‍ ജീവന്‍ കൊടുത്തു കൊണ്ടാണ് ഞാനും അവിടം വിട്ടത്. കാലവും ജീവിത സാഹചര്യങ്ങളും എത്രയൊക്കെ മാറിയാലും ആ പഴമ മനസ്സിലെവിടേയോ മായാതെ കിടപ്പുണ്ടെന്ന് ഒരു കാ‍റ്റുവന്ന് തഴുകി പറയുന്നത് പോലെ .






Saturday 16 March 2013

വാക്ക്



പെയ്തൊഴിഞ്ഞ
ആകാശം പോലെ 
ശ്യൂന്യമായ മനസ്സില്‍
ഇടയ്ക്കടര്‍ന്നു വീഴുന്ന
മഴതുള്ളികള്‍പോലെ ,
ചിലപ്പൊ ഇടിനാദം പോലെയും
വാക്കുകള്‍.


ചെവിതുളച്ച് ശരം പോലെ ചിലത് 
അവഗണന നിറഞ്ഞ
നോട്ടം പേറിയ ചിലത്.
ആജ്ഞകള്‍ ,ആവശ്യങ്ങള്‍ ,ആഗ്രഹങ്ങള്‍
എല്ലാറ്റിനും അക്ഷരങ്ങള്‍-
ചേര്‍ത്ത് വെച്ച വാക്കുകള്‍ .


മഷിയുണങ്ങി നിറമങ്ങിയവയ്ക്
കാലാന്തരങ്ങളുടെ പഴക്കം.തഴക്കം വന്ന വാക്കുകളാണവ.
ചിലനാളില്‍ പുച്ഛത്തോടെ
തള്ളിക്കളഞ്ഞവയ്ക്കിന്ന്
പത്തരമാറ്റ് തിളക്കം.


കമാന്റോകള്‍ പോലെ ചിലതുണ്ട്
തിരുവായ്ക്കെതിര്‍വായില്ലാത്തവ
കമാന്നൊരക്ഷരം ഉരിയാടാതെ
അനുസരിച്ച് പോകുന്നവ.


വിഷംപുരണ്ട ചിലതിന്
കാര്‍ക്കോടകന്റെ ശക്തിയാണ്.
തേയ്ച്ചാലും മായ്ച്ചാലും
പോകാത്തത്.
കുലംവരെ മുടിക്കാന്‍
കെല്‍പ്പുള്ളത്.
ജീവനെടുക്കാനും
ജന്മമൊടുക്കാനും
ഒരുവാക്കുമതി.
അര്‍ത്ഥമില്ലാത്ത,
പൊള്ളയായൊരു വാക്ക്.


അര്‍ത്ഥം മനസ്സിലാക്കും മുന്‍പ്
കൈവിട്ട് പോയ
വാക്കുകള്‍ക്ക് പിന്നാലെ,
പറഞ്ഞാലും കേട്ടാലുംതീരാത്ത
വാക്കുകളുടെ പൊരുളുതേടി
ഒടുങ്ങാത്ത യാത്ര.