Sunday 7 April 2013

ദൂരങ്ങള്‍ക്കുപിന്നാലെ



നാലുചുവരുകള്‍ക്കുള്ളില്‍
നിരവധിജന്മങ്ങളുടെ
അകല്‍ച്ചപേറുകയാണവര്‍.
ഒരുവിളിപ്പാടകലത്തിലെ 
നോവിന്റെ വേവ്കാണാതെ
ഹൃദയവിശാലത വാക്കുകളില്‍ മാത്രം
പകര്‍ത്തുന്നവര്‍.

കെട്ടിയടയ്ക്കപ്പെട്ട
അകംചുമരുകള്‍ക്കുള്ളില്‍
ലോകജാലകങ്ങള്‍ തുറക്കുകയാണവര്‍.
കാലവേഗങ്ങളുടെ
വ്യാപ്തികുറയുമ്പോഴും
ബന്ധങ്ങളില്‍ അകലങ്ങളുടെ
അതിര്‍ത്തിതീര്‍ക്കുന്നവര്‍.

ചതിക്കയങ്ങള്‍ തീര്‍ത്ത്
വാക്കുകളില്‍ മധുരം പുരട്ടി
ഇരതേടുകയാണവര്‍.
വീഴ്ച്കയുടെ ആഘാതമറിയാതെ
ഈയലുകളെ പോലെ
വെളിച്ചത്തിനു ചുറ്റും നിഷ്പ്രഭരാവുന്നവര്‍.

സാന്ത്വനം വിരല്‍തുമ്പിലൊതുക്കി
വലയുടെ വിശാലതകളില്‍
വിഹരിക്കുകയാണവര്‍.
കയ്യെത്തും ദൂരങ്ങളെ
കാണാതെ
മനസ്സെത്തും ദൂരങ്ങളെ
അറിയാതെ
ദൂരങ്ങള്‍ക്കു പിന്നാലെ
പായുന്നവര്‍.













3 comments:

  1. സാന്ത്വനം വിരല്‍തുമ്പിലൊതുക്കി
    വലയുടെ വിശാലതകളില്‍
    വിഹരിക്കുകയാണവര്‍.
    കയ്യെത്തും ദൂരങ്ങളെ
    കാണാതെ
    മനസ്സെത്തും ദൂരങ്ങളെ
    അറിയാതെ
    ദൂരങ്ങള്‍ക്കു പിന്നാലെ
    പായുന്നവര്‍.

    അവരെ നമുക്കറിയാമല്ലോ.

    ReplyDelete
  2. ചതിക്കയങ്ങള്‍ തീര്‍ത്ത്
    വാക്കുകളില്‍ മധുരം പുരട്ടി
    ഇരതേടുകയാണവര്‍.

    ഇതൊരു പ്രൊഫഷനായി സ്വീകരിച്ചവരുമുണ്ട്..ഹ...ഹ..

    ശുഭാശംസകൾ...

    ReplyDelete
  3. നന്ദി.സ്നേഹം

    ReplyDelete