Saturday 16 March 2013

വാക്ക്



പെയ്തൊഴിഞ്ഞ
ആകാശം പോലെ 
ശ്യൂന്യമായ മനസ്സില്‍
ഇടയ്ക്കടര്‍ന്നു വീഴുന്ന
മഴതുള്ളികള്‍പോലെ ,
ചിലപ്പൊ ഇടിനാദം പോലെയും
വാക്കുകള്‍.


ചെവിതുളച്ച് ശരം പോലെ ചിലത് 
അവഗണന നിറഞ്ഞ
നോട്ടം പേറിയ ചിലത്.
ആജ്ഞകള്‍ ,ആവശ്യങ്ങള്‍ ,ആഗ്രഹങ്ങള്‍
എല്ലാറ്റിനും അക്ഷരങ്ങള്‍-
ചേര്‍ത്ത് വെച്ച വാക്കുകള്‍ .


മഷിയുണങ്ങി നിറമങ്ങിയവയ്ക്
കാലാന്തരങ്ങളുടെ പഴക്കം.തഴക്കം വന്ന വാക്കുകളാണവ.
ചിലനാളില്‍ പുച്ഛത്തോടെ
തള്ളിക്കളഞ്ഞവയ്ക്കിന്ന്
പത്തരമാറ്റ് തിളക്കം.


കമാന്റോകള്‍ പോലെ ചിലതുണ്ട്
തിരുവായ്ക്കെതിര്‍വായില്ലാത്തവ
കമാന്നൊരക്ഷരം ഉരിയാടാതെ
അനുസരിച്ച് പോകുന്നവ.


വിഷംപുരണ്ട ചിലതിന്
കാര്‍ക്കോടകന്റെ ശക്തിയാണ്.
തേയ്ച്ചാലും മായ്ച്ചാലും
പോകാത്തത്.
കുലംവരെ മുടിക്കാന്‍
കെല്‍പ്പുള്ളത്.
ജീവനെടുക്കാനും
ജന്മമൊടുക്കാനും
ഒരുവാക്കുമതി.
അര്‍ത്ഥമില്ലാത്ത,
പൊള്ളയായൊരു വാക്ക്.


അര്‍ത്ഥം മനസ്സിലാക്കും മുന്‍പ്
കൈവിട്ട് പോയ
വാക്കുകള്‍ക്ക് പിന്നാലെ,
പറഞ്ഞാലും കേട്ടാലുംതീരാത്ത
വാക്കുകളുടെ പൊരുളുതേടി
ഒടുങ്ങാത്ത യാത്ര.

6 comments:

  1. സത്യം തന്നെ..

    മിഴി നനയ്ക്കാനും, ചിരി വിടർത്താനുമൊക്കെ ഒരു വാക്ക് മതി. 

    ജീവനെടുക്കാനും
    ജന്മമൊടുക്കാനും
    ഒരു വാക്കുമതി.

    അര്‍ത്ഥം മനസ്സിലാക്കും മുന്‍പ്
    കൈവിട്ട് പോയ
    ഒരു വാക്ക്...!!!

    നന്നായി എഴുതിയിരിക്കുന്നു.

    ശുഭാശംസകൾ....

    ReplyDelete
  2. എയ്ത അസ്ത്രവും കൈവിട്ട വാക്കും ഒരു പോലെ...

    ReplyDelete
  3. അക്ഷരവും,അക്ഷരത്തെറ്റും…..ശരിയും തെറ്റുകളുമാണ്...തികച്ചും ആപേക്ഷീകങ്ങളായ ശരിയിലൂടേയും തെറ്റുകളിലൂടേയും ഉണ്ടാകുന്ന വാക്കുകൾ സ്വാഭാവികങ്ങൾ…..ആശംസകൾ നേരുന്നു

    ReplyDelete
  4. വാക്കുകളെ ഇങ്ങനെ അപഗ്രഥിച്ച്‌ വിശകലനം ചെയ്ത്‌ എഴുതിയ സബീനയ്ക്ക്‌ ആശംസകൾ

    ReplyDelete
  5. വാക്കുകളിൽ ഒതുങ്ങാത്ത വാക്ക് ..:)

    ReplyDelete
  6. കുറെ വായിച്ചു, ഒന്നില്‍ comment ഇടുന്നു, വളരെ നന്നായിരിക്കുന്നു
    ആശംസകള്‍ !

    ReplyDelete