Wednesday, 29 May 2013

ഹൈക്കുകവിതകള്‍

വൃക്ഷങ്ങളെ
വസ്ത്രാക്ഷേപം നടത്തുന്നു
ശരത്ക്കാലം.

വേനലിന്റെ
പ്രണയത്തില്‍ചുവന്നുതുടുക്കുന്നു
ഈന്തപ്പനക്കുലകള്‍

വന്ധ്യത
ബാധിച്ച മേഘക്കൂട്ടങ്ങള്‍,
തപിക്കുന്നഭൂമി.

ഉതിര്‍ന്നുവീണ
പവന്‍കമ്പികള്‍ തെറുത്തെടുത്ത്
മടക്കം,പോക്കുവെയില്‍.


നീണ്ടകാലത്തെ
തപസ്സിനുശേഷവും വേരുമുളച്ചില്ലെന്നൊരു
വഴിക്കല്ല്.

നിറവയറു-
മായൊരു മഴമേഘം
ഗര്‍ഭാലസ്യത്തില്‍.

Tuesday, 21 May 2013

അറിയാതെപോകുന്നത്



ഉള്ളിലൊളിപ്പിച്ച ലാവയോടെ
നിശ്ശബ്ദം നില്‍ക്കുന്ന
പര്‍വ്വതങ്ങള്‍ പോലെ
ഉരുകിയുരുകി
ഒരുരുള്‍പൊട്ടലിന്
കൊതിക്കുകയാണ് മനസ്സ്.

ഒന്നാര്‍ത്തലച്ച് പെയ്തിട്ട് വേണം
വീണ്ടുമൊരു മഴക്കാലത്തെ
പേറാനെന്ന് കരുതുന്ന
മേഘശകലങ്ങളെ ഓര്‍മ്മിപ്പിച്ച്
യാഥാര്‍ത്യങ്ങളുമായി
സമരസപ്പെട്ടൊരു

മൌനയാത്രയിലാണിന്നത്.

ഒടുവില്‍ ഗതകാലസ്മരണകളെ
ചിതയിലെറിഞ്ഞ്
മറവിയിലേക്കാഴ്ന്ന
അള്‍ഷിമേഴ്സ് രോഗിയെപ്പോലെ
പിന്നിപ്പറിഞ്ഞതാളുകളില്‍
ഒരു വരിപോലും ബാക്കിവെക്കാ-
തൊരു പര്യവസാനത്തിലേക്ക് .

Thursday, 16 May 2013

മാതൃത്വത്തിന്റെ ശേഷിപ്പുകള്‍

ചുരന്ന മാതൃത്വം
തേടിപ്പിടിക്കുന്ന 
ഇളംചുണ്ടുകള്‍ക്ക് 
നിമിഷങ്ങളുടെ ദൈര്‍ഘ്യം.
അമ്മയ്ക്കും 
കുഞ്ഞിനുമിടയിലെ 
ആത്മബന്ധത്തിന്റെ
അടിത്തറയില്‍
ഊറുന്നത്
അമ്മിഞ്ഞയെന്ന
അമൃത്.
വറ്റിയ സ്തന്യവും
ശോഷിച്ച സ്തനവും
ബാക്കിയാക്കുന്നത്
ഒരിക്കലും വറ്റാത്ത
മഹനീയ 
സ്നേഹത്തിനുറവ.
ആസക്തിയുടെ
കൂര്‍ത്തമുനകള്‍
ആഴ്ന്നിറങ്ങുന്നത്
ഈ നെഞ്ചകത്താണോ.
അമ്മയുടെ അനുഭൂതികള്‍
വിറ്റ് കാശാക്കുന്ന 
കലിയുഗമേ
ഏത് കണ്ണുകള്‍ കൊണ്ടാണ്
നീ ഈ മാതൃത്വത്തെ 
നോക്കിക്കാണുന്നത്.



Wednesday, 1 May 2013

പാഴ്കിനാവുകള്‍

കാലം
കുഴിതോണ്ടുന്നു
കയ്യൂക്കിന്റെ
രക്തലിപികൾ
വായിക്കുവാൻ .

നിത്യാന്ധകാരത്തിന്റെ
ശവപ്പറമ്പില്‍
അടിച്ചമര്‍ത്തപ്പെട്ടവരുടെ
ആത്മരോദനങ്ങള്‍
മണ്ണിന്റെ
മാറുപിളര്‍ക്കുന്നു
അവശേഷിക്കുന്നവര്‍ക്കൊരു
മുന്നറിയിപ്പ് പോലെ.

ചെറുത്തു നില്‍ക്കുന്നവര്‍
എണ്ണത്തില്‍ കുറയുന്നു.
വില പറഞ്ഞ ശരീരങ്ങളിൽ
കൃപാണരേഖകളിൽ
വികലകവിതകളെഴുതാൻ
കൊട്ടേഷന്‍ ടീമുകള്‍
മുന്നിട്ടിറങ്ങുമ്പോള്‍.

അതിജീവനത്തിന്റെ
ശേഷിപ്പുകള്‍ അന്യമാകുന്നു
ഭൂമിയുടെ ഭ്രമണ പഥത്തില്‍
അധികാരമോഹികള്‍
കൊടിനാട്ടുമ്പോള്‍.

ഒരു ദേവദൂതന്റെ
പാദമുദ്രയ്ക്കായി
സൃഷ്ട്ടി സ്ഥിതി
പരിപാലനത്തിനായി
ഒരുയിര്‍ത്തഴുനേല്‍പ്പിന്റെ
കാത്തിരുപ്പുമായി
ഒരു ജനത.

Monday, 22 April 2013

നഷ്ട്ടങ്ങളും നേട്ടങ്ങളും

.തുടക്കത്തിനും
ഒടുക്കത്തിനുമിടയിലെ
നഷ്ട്ടപ്പെടലുകളല്ലേ
ജീവിതം?

എല്ലാനേടലിലുമുണ്ട്
ഒരു നഷ്ടത്തിന്റെ നോവ്.

സ്വന്തമെന്ന്
ചുറ്റിപ്പിടിക്കുന്നതിലും
വേണമെന്ന്
ആഗ്രഹിക്കുന്നതിലും
അകലങ്ങളിലിരുന്ന്
സ്വപ്നം കാണുന്നതിലുമെല്ലാം
ഒരൂര്‍ന്ന് വീഴലിന്റെ പിടച്ചില്‍.

ഒരു മനുഷ്യായുസ്സില്‍
അഴിച്ചുമാറ്റുന്ന
ഉടുപ്പുകള്‍ പോലെ
ബാല്യവും യൌവ്വനവും
വാര്‍ദ്ധക്യവും.

പിറന്നുവീണ്
കര്‍മ്മോത്സുകനായി നടന്ന്
ഒടുവില്‍ തളര്‍ന്ന്
ചോരതുപ്പി
ഇരുട്ടെന്ന മരണത്തിലേക്ക്
വീഴുന്ന പകല്‍.

ഓരോ ഇന്നലെകളും
ഇന്നിന്റെ നഷ്ടം,
ഓരോ നഷ്ട്ടങ്ങളും
ഓരോ പാഠങ്ങൾ
ഒടുവില്‍ മറ്റുള്ളവര്‍ക്ക്
പാഠങ്ങള്‍ നല്‍കികൊണ്ട്
സ്വയമൊരു
നഷ്ട്ടപ്പെടലും.

Sunday, 7 April 2013

ദൂരങ്ങള്‍ക്കുപിന്നാലെ



നാലുചുവരുകള്‍ക്കുള്ളില്‍
നിരവധിജന്മങ്ങളുടെ
അകല്‍ച്ചപേറുകയാണവര്‍.
ഒരുവിളിപ്പാടകലത്തിലെ 
നോവിന്റെ വേവ്കാണാതെ
ഹൃദയവിശാലത വാക്കുകളില്‍ മാത്രം
പകര്‍ത്തുന്നവര്‍.

കെട്ടിയടയ്ക്കപ്പെട്ട
അകംചുമരുകള്‍ക്കുള്ളില്‍
ലോകജാലകങ്ങള്‍ തുറക്കുകയാണവര്‍.
കാലവേഗങ്ങളുടെ
വ്യാപ്തികുറയുമ്പോഴും
ബന്ധങ്ങളില്‍ അകലങ്ങളുടെ
അതിര്‍ത്തിതീര്‍ക്കുന്നവര്‍.

ചതിക്കയങ്ങള്‍ തീര്‍ത്ത്
വാക്കുകളില്‍ മധുരം പുരട്ടി
ഇരതേടുകയാണവര്‍.
വീഴ്ച്കയുടെ ആഘാതമറിയാതെ
ഈയലുകളെ പോലെ
വെളിച്ചത്തിനു ചുറ്റും നിഷ്പ്രഭരാവുന്നവര്‍.

സാന്ത്വനം വിരല്‍തുമ്പിലൊതുക്കി
വലയുടെ വിശാലതകളില്‍
വിഹരിക്കുകയാണവര്‍.
കയ്യെത്തും ദൂരങ്ങളെ
കാണാതെ
മനസ്സെത്തും ദൂരങ്ങളെ
അറിയാതെ
ദൂരങ്ങള്‍ക്കു പിന്നാലെ
പായുന്നവര്‍.













Tuesday, 2 April 2013

തലേവര




തീന്‍ മേശയിലെ 
വിഭവസമൃദ്ധിയില്‍ 
കൂപ്പുകുത്തുന്ന 
ആഡംബരങ്ങള്‍ക്ക് 
വിശപ്പേയില്ല. 

വാ കീറിയവന്റെ നീതിയില്‍ 
വയറുനിറയ്ക്കാന്‍, 
വിതച്ചിട്ടും കൊയ്യാനാവാതെ 
പകച്ചുനില്‍ക്കുന്ന 
ഭഗ്നമോഹങ്ങളുടെ 
കളപ്പുരകള്‍ നിറയുന്നേയില്ല. 
ചിതലരിച്ച സ്വപ്നങ്ങളുടെ 
തുളവീണ 
ഭിക്ഷാപാത്രങ്ങളില്‍ 
മുഖംപൂഴ്ത്തുന്ന 
ഒരുചാണ്‍ വയറിന് 
പ്രതീക്ഷയുടേ നാളുകളേയില്ല. 

തൊട്ടും രുചിച്ചും 
ഉച്ഛിഷ്ടമാക്കിയ 
തീന്മേശസംസ്കാരത്തിന്റെ 
എച്ചിലിലകള്‍ക്കായി
വാലാട്ടിനില്‍ക്കുന്ന 
തെരുവിന്റെ മക്കളുടെ 
തലേവര മാറുന്നേയില്ല.